ബി.ജെ.പി ജയിച്ച വാര്‍ഡില്‍ വോട്ട്  ചോര്‍ന്നതായി യു.ഡി.എഫ് സ്ഥാനാര്‍ഥി

കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടുകള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി രംഗത്ത്. 
14ാം വാര്‍ഡായ ചേവരമ്പലത്തെ സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്  ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എന്‍.വി. ബാബുരാജാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ പി.പി. തങ്കച്ചനും മന്ത്രി കെ.എം. മാണിക്കും പരാതിയയച്ചത്. 
ബി.ജെ.പിയുടെ ഇ. പ്രശാന്ത് കുമാര്‍ 388 വോട്ടിന് ജയിച്ച വാര്‍ഡില്‍ ബാബുരാജ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ചേവരമ്പലത്തടക്കം കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന് സി.പി.എമ്മും ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിന്  980 വോട്ടുകിട്ടിയിരുന്നതായി ബാബുരാജ് പറഞ്ഞു. 
എന്നാല്‍, ഇത്തവണ 900 വോട്ട് കൂടിയിട്ടും തനിക്ക് കിട്ടിയത് 556 വോട്ടാണ്.  വോട്ട് ചോരുന്ന പ്രവണത തടയാന്‍ ശക്തമായ നടപടിവേണമെന്നാണ് ആവശ്യം. 
തന്നെ നേര്‍ച്ചക്കോഴിയാക്കുകയായിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു.
 സി.പി.എം സിറ്റിങ് വാര്‍ഡായ ചേവരമ്പലത്ത് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം അഡ്വ. എം. ജയദീപിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ചെന്നും പകരം കല്ലായിയില്‍ പാര്‍ട്ടി സൗത് ഏരിയ സെക്രട്ടറിയായിരുന്ന കാനങ്ങോട്ട് ഹരിദാസനെ തോല്‍പിക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസ് സിറ്റിങ് കൗണ്‍സിലര്‍ എം.സി. സുധാമണിക്ക് വോട്ട് ചെയ്തെന്നുമാണ് സി.പി.എം ആരോപണം. 
കഴിഞ്ഞ തവണ 500ലേറെ വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് കല്ലായിയില്‍ ഇത്തവണ കിട്ടിയത് 172 വോട്ടാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.